National
ബെംഗളൂരു: ജനതാദൾ (സെക്യുലർ) മുൻ എംപി പ്രജ്വൽ രേവണ്ണ ജയിലിനുള്ളിൽ നിയമവിരുദ്ധമായി മൊബൈൽ ഫോൺ ഉപയോഗിച്ചതായി റിപ്പോർട്ട്. ലൈംഗിക പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന രേവണ്ണയുടെ പക്കൽനിന്നു പിടിച്ചെടുത്ത മൊബൈൽ ഫോണും മറ്റ് ഉപകരണങ്ങളും ഫോറൻസിക് പരിശോധിച്ചു. ഇവയിൽ ഡസൻകണക്കിന് അശ്ലീല വീഡിയോകൾ ഉള്ളതായി പരിശോധനയിൽ കണ്ടെത്തി.
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പൗത്രനും കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ സഹോദരീപുത്രനുമായ രേവണ്ണ ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്. ഓഗസ്റ്റ് 11ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് ഫോൺ കണ്ടെടുത്തത്. ജയിൽ മുറിക്കുള്ളിൽ ഉപകരണം ഉപയോഗിക്കുന്നതിനിടെയാണ് പിടിക്കപ്പെട്ടതെന്നാണ് വിവരം.
48 വയസുള്ള സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ കഴിഞ്ഞ വർഷമാണ് രേവണ്ണ ശിക്ഷിക്കപ്പെട്ടത്. ഹാസൻ ജില്ലയിലെ ഹൊളെനരസീപുരയിലുള്ള രേവണ്ണ കുടുംബത്തിന്റെ ഫാം ഹൗസിൽ ഗാർഹിക ജോലിക്കാരിയായിരുന്ന സ്ത്രീ. ഇയാൾ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ആർക്കെങ്കിലും വിവരം നൽകിയാൽ വീഡിയോകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അവർ ആരോപിച്ചു. ആരോപണങ്ങൾക്ക് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് രേവണ്ണ അറസ്റ്റിലായതും ശിക്ഷിക്കപ്പെട്ടതും.
നിലവിൽ ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്. രേവണ്ണയുടെ മുറിയിൽനിന്ന് മൊബൈൽ ഫോൺ വീണ്ടെടുത്തതിനെത്തുടർന്ന് ജയിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
District News
പേരൂർക്കട: ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന്റെ മൊബൈൽ ഫോൺ കവർന്നയാളെ റെയിൽവേ പൊലിസ് പിടികൂടി. തമിഴ്നാട് കന്യാകുമാരി വിളവൻകോട് ആറുകാണി കുന്നുപുറത്ത് വീട്ടിൽ എസ്.ശരത് (20) ആണ് പിടിയിലായത്.
ഓഗസ്റ്റ് 24ന് പുലർച്ചെ നാലിനും ആറിനും ഇടയിലാണ് സംഭവം. ബാലരാമപുരം കാരോട് ഉച്ചക്കട സ്വദേശി അഭിറാമിന്റെ 26,000 രൂപ വിലവരുന്ന ഇൻഫിനിക്സ് ജി.ടി എന്ന മൊബൈൽ ഫോൺ ആണ് പ്രതി കവന്നത്. മാവേലി എക്സ്പ്രസിൽ കൊല്ലത്തിനും തിരുവനന്തപുരത്തിനും ഇടയിലാണ് സംഭവം. ജനറൽ കോച്ചിലെ യാത്രികനായിരുന്ന അഭിറാം ഉറക്കത്തിലായിരുന്നു. ചാർജ് ചെയ്യാൻ ഇട്ട മൊബൈൽ ഫോൺ ആണ് പ്രതി കവർന്ന് രക്ഷപ്പെട്ടത്. അഭിറാം നൽകിയ പരാതിയെ തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ സൈബർ ഓപ്പറേഷനിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.
ഇയാൾ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ തൊണ്ടിമുതൽ സഹിതം പിടികൂടുകയായിരുന്നു. റെയിൽവേ എസ്എച്ച്ഒ ബാലു ബി. നായരുടെ നേതൃത്വത്തിൽ ഗ്രേഡ് എസ്ഐ ബിജു, സീനിയർ സിവിൽ പൊലിസ് ഓഫീസർ ഷംനാദ്, സിവിൽ പൊലിസ് ഓഫീസർ ആദർശ് തിങ്കൾ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
നെടുമ്പാശേരി: പഠിക്കാതെ മൊബൈല് ഫോണ് ഉപയോഗിച്ചതിനെ മാതാപിതാക്കള് ചോദ്യം ചെയ്ത മനോവിഷമത്തില് പതിനാലുകാരി ജീവനൊടുക്കി. കുന്നുകര പഞ്ചായത്തില് ചാലയ്ക്കയില് വാടകയ്ക്ക് താമസിക്കുന്ന വിജീഷിന്റെ മകള് പാര്വതിയാണ് മരിച്ചത്. കുന്നുകര ക്രിസ്തുരാജ് സ്കൂളിലെ വിദ്യാര്ഥിനിയാണ്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വീട്ടില് ഉപയോഗിക്കാനായി വച്ചിരുന്ന മൊബൈല് പിതാവ് ഷിജിന് വിളിച്ചപ്പോള് എന്ഗേജ്ഡ് ആയിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടര്ന്ന് കുട്ടി ജീവനൊടുക്കുകയായിരുന്നു. ഉടന് ആശുപത്രിയില് എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി കളമശേരി മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റി.
National
ജയ്പൂർ: മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നത് പിതാവ് തടഞ്ഞതിനെ തുടർന്ന് പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കി. രാജസ്ഥാനിലെ കോട്ടയിൽ നടന്ന സംഭവത്തിൽ ഹനുമാൻ നഗർ സ്വദേശിയായ മായങ്ക് നഗർ (16) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് മായങ്ക് വിഷം കഴിച്ചത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച മരണം സംഭവിക്കുകയായിരുന്നു. മാതാപിതാക്കളുടെ ഏക മകനായിരുന്നു മായങ്ക്. മകന്റെ വിയോഗവാർത്തയറിഞ്ഞ് ഹൃദ്രോഗിയായ പിതാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ദാദാബാരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
മലപ്പുറം: തേഞ്ഞിപ്പലം കാക്കഞ്ചേരിയിൽ ലോഡ്ജിൽ ലഹരി ചോദിച്ചെത്തിയ സംഘം പണവും മൊബൈൽ ഫോണും കവർന്നു. പിടിയിലായ അഞ്ചു പ്രതികളും റിമാൻഡിൽ.
പ്രതികൾ ലോഡ്ജിൽ എത്തുന്ന സിസിടിവി ദൃശ്യവും പോലീസിന് ലഭിച്ചു. ഇക്കഴിഞ്ഞ ജൂൺ 30ന് രാത്രിയിലാണ് അഞ്ചു പേർ അടങ്ങുന്ന സംഘം തേഞ്ഞിപ്പാലം കാക്കഞ്ചേരിയിലെ ലോഡ്ജിൽ എത്തിയത്.
റിസപ്ഷനിൽ ഉണ്ടായിരുന്ന ആളോട് എംഡിഎംഎ ആവശ്യപ്പെട്ടു. പിന്നാലെ തർക്കമായി. റിസപ്ഷനിൽ ഉണ്ടായിരുന്ന 1500 രൂപയും മൊബൈൽ ഫോണും പ്രതികൾ ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങി. ശേഷം കാറിൽ കയറി കടന്നു കളഞ്ഞു.
പരാതി ലഭിച്ചതിനെ തുടർന്ന് തേഞ്ഞിപ്പലം പോലീസ് വിശദമായ അന്വേഷണം നടത്തി. ലോഡ്ജിലെ സിസിടിവിയിൽ നിന്ന് പ്രതികൾ ലോഡ്ജിലേക്ക് വരുന്നതിന്റെയും പോകുന്നതിന്റെയും ദൃശ്യം ലഭിച്ചു. ഇത് പ്രതികളെ കണ്ടെത്താൻ പോലീസിനെ സഹായകരമായി.
ചെട്ടിപ്പടി സ്വദേശി അക്കീബ്, പരപ്പനങ്ങാടി സ്വദേശി ജുനൈദ്, താനൂർ സ്വദേശി സഫുവാൻ, നായർത്തോട് സ്വദേശി മർഷാദ്, നെടുവ സ്വദേശി റമീസ് എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലോഡ്ജിലെ ജീവനക്കാർക്ക് ഈ പ്രതികളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നതും പോലീസ് അന്വേഷിക്കും.
Kerala
പാലാ: പാലാ- തൊടുപുഴ പാതയിൽ ഇന്നലെ രാവിലെ കാർ തോട്ടിലേക്കു മറിഞ്ഞുണ്ടായ അപകടത്തിനിടയിൽ കാണാതായ ആപ്പിൾ മൊബൈൽ ഫോൺ കണ്ടുകിട്ടി. പ്രധാനപ്പെട്ട വിവരങ്ങൾ അടങ്ങിയ ഫോൺ പോയത് ഉടമയിൽ പരിഭ്രാന്തി പരത്തിയിരുന്നു. മഴ പെയ്തതിനെത്തുടര്ന്ന് റോഡില് തെന്നി നിയന്ത്രണംവിട്ടാണ് കാർ മറിഞ്ഞതെന്നു കരുതുന്നു.
തുടർന്ന് ഇന്നലെ ഉച്ചയോടെ കൈത്തോട്ടിലേക്കു കാർ മറിഞ്ഞ ഭാഗത്തെല്ലാം അപകടത്തിൽപ്പെട്ടവരും സുഹൃത്തുക്കളുമെല്ലാം ചേർന്നു തെരച്ചിൽ നടത്തിയെങ്കിലും ഫോൺ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എമർജൻസി ടീം ഈരാറ്റുപേട്ട എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകർ വാഹനത്തിനടിയിൽ വെള്ളത്തിൽനിന്നാണ് ഫോൺ കണ്ടെടുത്തു കൊടുത്തത്.
പാലായിൽനിന്നു തൊടുപുഴയിലേക്കു പോവുകയായിരുന്ന കാർ ഇന്നലെ രാവിലെ പത്തോടെ സംരക്ഷണ കുറ്റികൾ തകർത്തു തോട്ടിലേക്കു മറിയുകയായിരുന്നു. അപകടത്തിൽ വാഹനം ഏതാണ്ട് പൂർണമായി തകർന്നു.
എങ്കിലും യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഏറ്റുമാനൂർ സ്വദേശികളായ യുവതിയും യുവാവുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പാലാ കൊല്ലപ്പള്ളിക്കടുത്ത് ഐങ്കൊമ്പിലാണ് അപകടമുണ്ടായത്. ആറു സംരക്ഷണ കുറ്റികൾ തകർത്താണ് കാർ തോട്ടിലേക്കു മറിഞ്ഞത്. ഇതിനിടയിൽ കാറിലുണ്ടായിരുന്ന യാത്രക്കാരിയുടെ ഒന്നര ലക്ഷം രൂപ വരുന്ന ആപ്പിൾ മൊബൈൽ ഫോൺ കാണാതാവുകയായിരുന്നു.
Kerala
പാലാ: പാലാ- തൊടപുഴ പാതയിൽ ഇന്നു രാവിലെ കാർ തോട്ടിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു പേർക്കു പരിക്കേറ്റു. പാലായിൽനിന്നു തൊടുപുഴയിലേക്കു പോവുകയായിരുന്ന കാർ രാവിലെ പത്തോടെ സംരക്ഷണ കുറ്റികൾ തകർത്തു തോട്ടിലേക്കു മറിയുകയായിരുന്നു. അപകടത്തിൽ വാഹനം ഏതാണ്ട് പൂർണമായി തകർന്നു.
എങ്കിലും യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഏറ്റുമാനൂർ ആർപ്പൂക്കര സ്വദേശികളായ സ്ത്രീയും പുരുഷനുമാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് സൂചന. പാലാ കൊല്ലപ്പള്ളിക്കടുത്ത് ഐങ്കൊമ്പിലാണ് അപകടമുണ്ടായത്.
ആറു സംരക്ഷണ കുറ്റികൾ തകർത്താണ് കാർ തോട്ടിലേക്കു മറിഞ്ഞത്. അതേസമയം, കാറിലുണ്ടായിരുന്ന യാത്രക്കാരിയുടെ ഒന്നര ലക്ഷം രൂപ വരുന്ന ആപ്പിൾ മൊബൈൽ ഫോൺ കാണാതായി. പരിസരത്തെല്ലാം തെരച്ചിൽ നടത്തിയിട്ടും ഫോൺ കിട്ടിയിട്ടില്ല. വാഹനത്തിന്റെ അടിയിൽ ഫോൺ പെട്ടതാണോയെന്ന സംശയവും ഉയർന്നിട്ടുണ്ട്.
Kerala
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. കുളിമുറിക്ക് സമീപം ഒളിപ്പിച്ച നിലയിലായിരുന്നു ഫോൺ കണ്ടെത്തിയത്.
സിം കാർഡ്, ചാർജിംഗ് കേബിൾ, ഹെഡ്ഫോൺ, പവർബാങ്ക് എന്നിവ കുപ്പിയിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു. സംഭവത്തിൽ പോലീസ് എഫ്ഐആറിട്ട് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഫോൺ ആരുടേതാണെന്ന് കണ്ടെത്തിയിട്ടില്ല. നേരത്തേയും പല തവണ കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു.
Kerala
കോഴിക്കോട്: കോഴിക്കോട് മെഡിക്കല് കോളജില് എക്സ്റേ ഫിലിമില്ലാതു കാരണം ഇമേജുകള് എടുത്തു നല്കുന്നത് രോഗികളുടെ മൊബൈല് ഫോണില്.
കംപ്യൂട്ടറില്നിന്നു മൊബൈല് ഫോണിലെടുത്ത ഇമേജുകളുടെ ഫോട്ടോ ഡോക്ടറെ കാണിക്കാനാണു നിര്ദേശം.
വലിയ ബുദ്ധിമുട്ടാണ് ഇതു കാരണം രോഗികള് നേരിടുന്നത്. കമ്പനി ഫിലിം വിതരണം നിര്ത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ഉടന്തന്നെ പ്രശ്നം പരിഹരിക്കുമെന്നു മെഡിക്കല് കോളജ് അധികൃതര് പറയുന്നുണ്ടെങ്കിലും ഇതുമൂലം കഴിഞ്ഞ ദിവസങ്ങളില് വലിയ ബുദ്ധിമുട്ടാണ് രോഗികള് നേരിട്ടുകൊണ്ടിരിക്കുന്നത്.
നല്ല ക്ലാരിറ്റിയുള്ള മൊബൈല് ഫോണ് കാമറയില്ലെങ്കില് ഒന്നും വ്യക്തമാകില്ലെന്നാണു രോഗികള് പറയുന്നത്.
Business
മുംബൈ: റിസർവ് ബാങ്കിന്റെ പുതുക്കിയ വായ്പ തിരിച്ചുപിടിക്കൽ ചട്ടങ്ങൾ പ്രകാരം, മൊബൈൽ ഫോണ് ഫിനാൻസ് കന്പനികളുടെ മൊബൈൽ ലോക്ക് രീതികൾക്ക് കർശന നിയന്ത്രണങ്ങൾ വരും.
പുതുക്കിയ കരട് ചട്ടങ്ങൾ അനുസരിച്ച് കരാറിലെ വ്യക്തമായ മുൻകൂർ സമ്മതത്തോടെയും വായ്പ തിരിച്ചടവ് 90 ദിവസത്തിലധികം മുടങ്ങുന്ന സാഹചര്യത്തിലും മാത്രമേ വായ്പ നൽകിയവർക്ക് ഫോണുകളുടെ പ്രവർത്തനം നിയന്ത്രിക്കാനാകൂ. എടുത്ത വായ്പ ഏത് മൊബൈൽ ഫോണ്/ടാബ്ലെറ്റ് വാങ്ങാനാണോ ഉപയോഗിച്ചത്, ആ ഉപകരണത്തിേൽ മാത്രമേ എന്തെങ്കിലും നിയന്ത്രണം കൊണ്ടുവരാൻ സാധിക്കൂ. മറ്റ് വ്യക്തിഗത വായ്പകൾക്കോ ക്രെഡിറ്റ് കാർഡ് കുടിശികയ്ക്കോ വേണ്ടി ഫോണ് നിയന്ത്രിക്കാൻ പാടില്ല.
പുതിയ നിയമങ്ങൾ 2026 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിർദേശങ്ങൾ പ്രകാരം ധനകാര്യ സ്ഥാപനങ്ങൾക്ക് ഇനിമുതൽ തോന്നിയതുപോലെ ഉപഭോക്താവിന്റെ ഫോണ് ബ്ലോക്ക് ചെയ്യാനാകില്ല. വായ്പ കരാറിൽ ഈ വിവരങ്ങളും പരാതി പരിഹാര മാർഗങ്ങളും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
സമയപരിധിയും നോട്ടീസും
കുടിശിക വരുത്തുന്ന ഉപഭോക്താക്കൾക്ക് തുക അടച്ചുതീർക്കാൻ കൃത്യമായ സമയപരിധിയും നോട്ടീസുകളും നൽകിയ ശേഷമേ നടപടികളിലേക്ക് കടക്കാൻ പാടുള്ളൂ എന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. വായ്പ കുടിശികയായി 90 ദിവസം കഴിഞ്ഞാൽ മാത്രമേ ഉപകരണങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനാകൂ. മൊബൈൽ ഫോണ് വായ്പകൾ കുടിശികയായി 60 ദിവസം കഴിഞ്ഞാൽ ധനകാര്യ സ്ഥാപനം നോട്ടീസ് നൽകണം. തുടർന്ന് 21 ദിവസം തിരിച്ചടവിന് അനുവദിക്കണം. എന്നിട്ടും പണമടച്ചില്ലെങ്കിൽ ഏഴു ദിവസത്തെ സമയപരിധി അനുവദിച്ച് രണ്ടാമത്തെ നോട്ടീസും നൽകണം. ഫോണ് ലോക്ക് ചെയ്യാൻ വായ്പാ കരാറിൽ ഉപഭോക്താവിന്റെ സമ്മതം വാങ്ങിയിട്ടുണ്ടെങ്കിൽ മാത്രമേ സ്ഥാപനങ്ങൾക്ക് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയൂ.
അവശ്യ സേവനങ്ങൾ, സ്വകാര്യത
ഇന്റർനെറ്റ്, ഇൻകമിംഗ് കോളുകൾ, എമർജൻസി എസ്ഒഎസ് സേവനങ്ങൾ, സർക്കാരിന്റെ ജാഗ്രതാ സന്ദേശങ്ങൾ തുടങ്ങിയ അവശ്യ സേവനങ്ങൾ ഫോണിൽ നിയന്ത്രിക്കാൻ പാടില്ല.
വായ്പയെടുത്ത ആളുടെ മൊബൈൽ ഫോണിലുള്ള യാതൊരുവിധ വ്യക്തിഗത വിവരങ്ങളും പരിശോധിക്കാനോ, ശേഖരിക്കാനോ, ഉപയോഗിക്കാനോ ബാങ്കുകൾക്കോ ധനകാര്യ സ്ഥാപനങ്ങൾക്കോ ഒരു സാഹചര്യത്തിലും അവകാശമുണ്ടായിരിക്കില്ല.
അണ്ലോക്ക് ചെയ്തില്ലെങ്കിൽ പിഴ
കുടിശിക തുക ഉപഭോക്താവ് അടച്ചുതീർത്താൽ ഒരു മണിക്കൂറിനകം ഫോണിൽ ഏർപ്പെടുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കേണ്ടതുണ്ട്. വായ്പ പൂർണമായി തിരിച്ചടച്ചു കഴിഞ്ഞാൽ ഫോണ് നിയന്ത്രിക്കാൻ ഉപയോഗിച്ച സാങ്കേതികവിദ്യ പൂർണമായും അണ്ഇൻസ്റ്റാൾ ചെയ്യണം.
തെറ്റായ രീതിയിൽ ഫോണ് ബ്ലോക്ക് ചെയ്യുകയോ, പണം അടച്ചിട്ടും ഒരു മണിക്കൂറിനകം നിയന്ത്രണം മാറ്റാതിരിക്കുകയോ ചെയ്താൽ, വൈകുന്ന ഓരോ മണിക്കൂറിനും 250 രൂപ നിരക്കിൽ ബാങ്കുകൾ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകേണ്ടിവരും. വായ്പ മുൻകൂട്ടി അടച്ചു തീർക്കാനുള്ള അവകാശവും ഉപഭോക്താവിനുണ്ടായിരിക്കും.
National
ജയ്പൂർ: രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയിൽ മൊബൈൽ ഫോൺ തർക്കത്തെ തുടർന്ന് 18 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഉലിയാന സ്വദേശി മൻകുഷ് മീനയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ സെലു ക്രോസ്റോഡിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്.
വെള്ളിയാഴ്ച വൈകുന്നേരം മൻകുഷിന്റെ വീട്ടിലെത്തിയ ഒരു സംഘം യുവാക്കൾ തർക്കത്തിലേർപ്പെടുകയും തുടർന്ന് വാഹനത്തിൽ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. സംഭവം നടക്കുന്പോൾ കുടുംബാംഗങ്ങൾ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നതിനാൽ മൻകുഷും സഹോദരിയും വീട്ടിൽ തനിച്ചായിരുന്നു.
രാത്രി കുടുംബം തിരിച്ചെത്തിയപ്പോൾ മാൻകുഷിനെ കാണാത്തതിനെ തുടർന്ന് പോലീസിൽ പരാതി നൽകി. തിരച്ചിൽ നടത്തുന്നതിനിടെ ശനിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിൽ മുറിവുകളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഒളിവിൽ കഴിയുന്ന പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
Business
കൊച്ചി: മോട്ടറോളയുടെ പുതിയ സ്മാര്ട്ട്ഫോണായ മോട്ടറോള എഡ്ജ് 70 പ്രോ പുറത്തിറക്കി. മികച്ച ലോ-ലൈറ്റ് ഫോട്ടോഗ്രഫിക്കും എഐ ഫീച്ചറുകള്ക്കും മുന്ഗണന നല്കിയാണ് ഈ ഫോണ് രൂപകല്പന ചെയ്തിരിക്കുന്നത്.
50 എംപി സോണി ലിറ്റിയ 710 മെയിന് കാമറ, 50 എംപി അള്ട്രാ വൈഡ്-മാക്രോ ലെന്സ്, 50 എംപി ഫ്രണ്ട് കാമറ എന്നിവയടങ്ങുന്ന ട്രിപ്പിള് 50 എംപി പ്രോ-ഗ്രേഡ് കാമറ സിസ്റ്റമാണ് ഇതിന്റെ പ്രധാന സവിശേഷത.
4കെ 60 എഫ്പിഎസ് വീഡിയോ റിക്കാര്ഡിംഗും യഥാര്ഥ നിറങ്ങള് ഒപ്പിയെടുക്കാന് പാന്റോണ് വാലിഡേറ്റഡ് സപ്പോര്ട്ടും മോട്ടോ എഐയുടെ പിന്ബലവും ഫോണിലുണ്ട്.
മീഡിയടെക് ഡൈമെന്സിറ്റി 8500 എക്സ്ട്രീം പ്രൊസസറാണ് എഡ്ജ് 70 പ്രോയ്ക്ക് കരുത്തേകുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഇതില്, 6.8 ഇഞ്ച് 144 ഹെര്ട്സ് 1.5 കെ ട്രൂ കളര് ക്വാഡ്-കര്വ്ഡ് അമോലെഡ് ഡിസ്പ്ലേയാണുള്ളത്.
Kerala
കോഴിക്കോട്: തൊട്ടിൽപ്പാലത്തിനടുത്ത് കരിങ്ങാട് കൊരണപ്പാറ മലയിൽ യുവാക്കൾ കുടുങ്ങി. ശനിയാഴ്ച്ച വൈകിട്ടോടെയാണ് സംഭവം.
വളയം കുയ്തേരി സ്വദേശികളായ അബിദേവ്, അമൽ എന്നിവരാണ് മലയിൽ കുടുങ്ങിയത്. വൈകീട്ട് മലകയറിയ യുവാക്കൾ തിരിച്ചിറങ്ങാനാവുമ്പോഴേക്ക് ഇരുട്ടായി. ഇതോടെ വഴിതെറ്റുകയായിരുന്നു.
കായക്കൊടി കാവിലുംപാറ പഞ്ചായത്തുകളിൽ സ്ഥിതിചെയ്യുന്ന ഏറെ ഉയരം കൂടിയ മലയാണ് കൊരണപ്പാറ. മൊബൈലിന്റെ ചാർജ് തീർന്നതും കൊരണപ്പാറയിൽ മൊബൈൽ റെയിഞ്ച് ഇല്ലാത്തതും യുവാക്കളെ വിഷമത്തിലാക്കുകയായിരുന്നു. ഇടയ്ക്ക് റെയ്ഞ്ച് കിട്ടിയപ്പോൾ 101-ൽ വിളിച്ചാണ് കുടുങ്ങിയ കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചത്.
തുടർന്ന് നാദാപുരം ഫയർഫോഴ്സും, തൊട്ടിൽപ്പാലം പോലീസും സ്ഥലത്തെത്തുകയും നാട്ടുകാരുടെ സഹായത്തോടെ ഇവരെ രക്ഷിച്ച് താഴെയിറക്കുകയുമായിരുന്നു. കുന്നും കാടും നിറഞ്ഞ പ്രദേശമായതിനാൽ തിരച്ചിൽ പ്രതിസന്ധി സൃഷ്ടിച്ചു. തുടർന്ന് നാട്ടുകാരും, ഫയർഫോഴ്സും, പോലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ രാത്രി പത്തരയോടെ യുവാക്കളെ കണ്ടെത്തുകയായിരുന്നു.
മനോഹരമായ കാഴ്ചകൾ നിറഞ്ഞതാണ് കൊരണപ്പാറയെങ്കിലും ഇവിടങ്ങളിലേക്ക് എത്തുന്നത് അപകടം നിറഞ്ഞതാണ്. വൈകുന്നേരങ്ങളിൽ ആരും കയറാൻ ശ്രമിക്കരുതെന്ന് തൊട്ടിൽപ്പാലം പോലീസും നാട്ടുകാരും അറിയിച്ചു.
District News
കയ്പമംഗലം: ഉടുപ്പിയിയിൽ ചികത്സയ്ക്കായുള്ള യാത്രയ്ക്കിടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ മതിലകം സ്വദേശിക്കു കൈമാറി സൈബർ പോലീസ്.
ആറുമാസങ്ങൾക്ക് മുമ്പ് ബംഗളൂരു മെജസ്റ്റിക് ബസ് ടെർമിനലിൽവച്ചാണ് മതിലകം പുന്നയ്ക്കബസാർ സ്വദേശിയായ ജമാലുദ്ദീന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടത്. പ്രതിദിനം ആയിരക്കണക്കിനാളുകൾ വന്നുപോകുന്ന ബസ്ടെർമിനൽ ആണ് മെജിസ്റ്റിക് ബസ് ടെർമിനൽ. ബസിൽ കയറുന്നതിനിടെ പെട്ടെന്ന് രണ്ടുപേർ തിരക്കുകൂട്ടി അകത്തേക്ക് കയറിയെങ്കിലും അവർ അപ്പോൾതന്നെ തിരിച്ച് ഇറങ്ങുകയും ചെയ്തു.
ജമാലുദ്ദീൻ ബസിൽ കയറി സീറ്റിൽ ഇരുന്ന് ഷർട്ടിന്റെ പോക്കറ്റിൽ വച്ചിരുന്ന മൊബൈൽ ഫോൺ നോക്കിയപ്പോൾ ഫോൺ നഷ്ടപ്പെട്ടതായി അറിയുകയും ഉടനെതന്നെ ബസിൽനിന്ന് ചാടിയിറങ്ങി അവിടെയെല്ലാം നോക്കിയെങ്കിലും സംശയമുള്ള ആ രണ്ടുപേരേയും അവിടെയൊന്നും കാണാൻ കഴിഞ്ഞില്ല. ഉടനെ ബസ്സ്റ്റേഷനിൽ ഉള്ള ഓഫീസിൽ വിവരം അറിയിച്ചുവെങ്കിലും അവർ ജമാലുദ്ദീന്റെ നമ്പറിലേക്ക് വിളിച്ചു, പക്ഷേ സ്വിച്ച് ഓഫ് ആയിരുന്നു.
കർണാടക പോലീസുമായി ഫോണിൽ ബന്ധപ്പെട്ടു വിവരങ്ങൾ അറിയിച്ചു. അവർ നൽകിയ നിർദേശം അനുസരിച്ചു. ജമാലുദീനും കുടുബത്തിനും ഉടുപ്പിയിലെ ശ്രീമഞ്ജുനാഥ ധർമസ്ഥല ആയുർവേദ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കു വേണ്ടി പോകാനുള്ളതുകൊണ്ട് അവിടെ പരാതികൊടുക്കാൻ കഴിഞ്ഞില്ല. ഒരാഴ്ച ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതുകൊണ്ടും ഒരാഴ്ച കഴിഞ്ഞു വീണ്ടും ഹോസ്പിറ്റലിൽ പോകേണ്ടത് കാരണവും ഒരുമാസത്തോളം അനിയന്റെ വീട്ടിൽ തന്നെയായിരുന്നു.
അതിനുശേഷം നാട്ടിൽ തിരിച്ചെത്തി എല്ലാ രേഖകളുമായി ഇരിങ്ങാലക്കുട സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു.ഇരിങ്ങാലക്കുട സൈബർ പോലീസിലെ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അഷ്റഫിന്റെ നേതൃത്വത്തിൽ എസ്ഐ ജസ്റ്റിൻ, എഎസ്ഐ അനൂപ്, എസ്ഐ അശോകൻ, സച്ചിൻ, ശ്രീനാഥ്, സിപിഒ സുദീപ്, ആഷിക് എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് നഷ്ടപ്പെട്ട മൊബൈൽ ഫോൺ തിരിച്ചുപിടിച്ച് ഉടമയായ ജമാലുദ്ദീന് നൽകിയത്.
ഫോണിലെ ഡാറ്റകളെല്ലാം നഷ്ടമായെങ്കിലും വിലകൂടിയ ഫോൺ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് മാധ്യമ പ്രവർത്തകൻ കൂടിയായ ജമാലുദീൻ.
Kerala
കൊച്ചി: ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി മനിറുൽ (25) ആണ് ആലുവ പോലീസിന്റെ പിടിയിലായത്. ചാലയ്ക്കൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയായ ജിയാറുള്ളിനെയാണ് മനിറുൽ ഗുരുതരമായി ആക്രമിച്ചത്.
വെസ്റ്റ് ബംഗാളിലേക്ക് കടന്നുകളഞ്ഞ പ്രതിയെ അവിടെ ചെന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്ഐ ജോസി എം. ജോൺസൻ, എഎസ്ഐ നൗഷാദ്, സീനിയർ സിപിഒ എ.കെ. ബേസിൽ, സിപിഒ ഖാസ്നി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Kerala
തിരുവനന്തപുരം: യുവാവിനെ ക്രൂരമായി മർദിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിലെ മുഖ്യപ്രതി പിടിയിൽ. ബീമാപള്ളി സ്വദേശി ഇനാദ് മുഹമ്മദ് (24) ആണ് പിടിയിലായത്.
മുൻവൈരാഗ്യത്തെത്തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പെോലീസ് പറയുന്നു. പൂന്തുറ ബീമാപള്ളി സ്വദേശിയായ യുവാവിനെ വഴിയിൽ വച്ച് ഇനാദ് തടഞ്ഞുനിർത്തുകയും അസഭ്യം പറയുകയും ചെയ്തു.
തർക്കമായതോടെ യുവാവിനെ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ക്രൂരമായി മർദിക്കുകയും കൈവശമുണ്ടായിരുന്ന പണവും മൊബൈൽ ഫോണും കവർന്ന ശേഷം പ്രതി കടന്നുകളയുമായിരുന്നു.അറസ്റ്റിലായ ഇനാദ് മുഹമ്മദ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
പൂന്തുറ, വലിയതുറ, വഞ്ചിയൂർ പോലീസ് സ്റ്റേഷനുകളിലായി കൊലപാതകം, ലഹരി മരുന്ന് വിൽപന, അക്രമം തുടങ്ങിയ അഞ്ചോളം കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് കൂട്ടുപ്രതികളായ ഖാദർ, സഹീർ എന്നിവരെ പോലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു.
District News
പേരൂര്ക്കട: വട്ടിയൂര്ക്കാവ് മണ്ണറക്കോണം ജംഗ്ഷനില് ഇരുചക്ര വാഹനയാത്രികരുടെ ഫോട്ടോ പോലീസും ഹോം ഗാര്ഡുകളും മൊബൈല് ഫോണുകളില് പകര്ത്തുന്നതിനെതിരേ വ്യാപക പരാതി.
ഹെല്മെറ്റ് ധരിക്കാതെ പോകുന്നവരുടെ ഫോട്ടോയാണ് പകര്ത്തുന്നതെന്നു പോലീസ് പറയുന്നുണ്ടെങ്കിലും ഇത് വ്യക്തി സ്വാതന്ത്ര്യത്തിനെതിരേയുള്ള കടന്നുകയറ്റമാണെന്നാണ് പ്രദേശവാസികള് പറയുന്നത്. ഹെല്മെറ്റ് ധരിക്കാത്തവരുടെ ഫോട്ടോയല്ല ഇവര് എടുക്കുന്നതെന്നും ഇക്കാര്യത്തില് അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം. ഇതുസംബന്ധിച്ച് ഉന്നതാധികാരികള്ക്ക് പരാതിനല്കുമെന്നും ഇവര് പറയുന്നു.
മണ്ണറക്കോണം ജംഗ്ഷനില് ജോലി ചെയ്യുന്നവർ മേലത്തുമേലേ ഭാഗത്തേക്കും മുക്കോല ഭാഗത്തേക്കും പോകുന്ന വാഹനയാത്രികരുടെ ഫോട്ടോയാണ് മൊബൈലില് പകര്ത്തുന്നത്. ട്രാഫിക് സിഗ്നല് തെളിയുന്നുണ്ടോ, അമിതവേഗത്തില് വാഹനങ്ങള് പോകുന്നുണ്ടോ, അപകടങ്ങള് വരുത്തുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ ഹെല്മെറ്റ് ധരിക്കാത്തവരുടെ ഫോട്ടോയെടുക്കാന് തിരക്കുകൂട്ടുകയാണ് ഉദ്യോഗസ്ഥർ. അതേസമയം ഹെല്മെറ്റ് ധരിക്കാതെ യാത്രചെയ്യുന്നവരുടെ ഫോട്ടോയെടുത്ത് ഇവര്ക്കുമേല് ശിക്ഷാ നടപടി സ്വീകരിക്കാനുള്ള പ്രവര്ത്തനങ്ങള് മാത്രമേ നടത്തുന്നുള്ളൂവെന്നും മറിച്ചുള്ള ആരോപണങ്ങള് അടിസ്ഥാന രഹിതമാണെന്നും വട്ടിയൂര്ക്കാവ് സിഐ പ്രതികരിച്ചു.
Business
തിരുവനന്തപുരം: ഓപ്പോ ഇന്ത്യ റെനോ 15 സീരീസിന്റെ ഭാഗമായ പുതിയ സ്മാര്ട്ട്ഫോണ് ഓപ്പോ റെനോ 15സി ഇന്ത്യന് വിപണിയിലെത്തി.
സഞ്ചാരികളെയും കണ്ടന്റ് ക്രിയേറ്റ്ഴ്സിനെയും ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവരെയും ലക്ഷ്യമിട്ട് രൂപകല്പ്പന ചെയ്ത ഈ മോഡലിന് ആകര്ഷകമായ ഡിസൈന്, ദീര്ഘകാല ബാറ്ററി ശേഷി, എഐ അധിഷ്ഠിത സ്മാര്ട്ട് ഫീച്ചറുകള് എന്നിവയുണ്ട്.
50 എംപി പ്രധാന കാമറ, അള്ട്രാവൈഡ്, മാക്രോ ലെന്സ് എന്നിവയോടൊപ്പം 50 എംപി അള്ട്രാവൈഡ് സെല്ഫി കാമറയും ഉള്പ്പെടുത്തിയിട്ടുണ്ട്. 34,999 മുതല് 37,999 രൂപ വരെയാണ് വില.
Kerala
തിരുവനന്തപുരം: സെൽഫി എടുക്കാൻ പോയപ്പോൾ മുഖ്യമന്ത്രി അവഗണിച്ച് കടന്നുപോയെന്ന വാർത്തകളോട് പ്രതികരിച്ച് തിരുവനന്തപുരം വെള്ളറട ഡിവിഷനിലെ ജില്ല പഞ്ചായത്തംഗം ആതിര ഗ്രേസ്.
സെല്ഫി എടുക്കാൻ പോയതല്ല. മൊബൈലിലുള്ള നിവേദനം കാണിക്കാനാണ് ശ്രമിച്ചത്. എന്നോട് മാറി നില്ക്കാനും പറഞ്ഞിട്ടില്ല. എനിക്കല്ല, കാണുന്നവര്ക്കാണ് ബുദ്ധിമുട്ടുണ്ടായത്.
മുഖ്യമന്ത്രി വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. മുമ്പും മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചിട്ടുണ്ട്.- ആതിര ഗ്രേസ് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം കുമ്പിച്ചല്കടവ് പാലം മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്പ്പിച്ചിരുന്നു. ശേഷം അമ്പൂരി സെന്റ് തോമസ് ഹയര്സെക്കന്ഡറി സ്കൂള് സ്റ്റേഡിയത്തില് നടന്ന പൊതുയോഗത്തിനിടെയാണ് ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവവമുണ്ടായത്.
സെൽഫിയെടുക്കാൻ സമീപിച്ച ആതിരയെ മുഖ്യമന്ത്രി അവഗണിച്ചുവെന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചത്.
Business
കൊച്ചി: മുൻനിര ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസംഗ് ഗാലക്സി എ07 5ജി അവതരിപ്പിച്ചു.
50 മെഗാപിക്സൽ പ്രധാന കാമറയും വലിയ 6000 എംഎച്ച് ബാറ്ററിയുമുള്ള സ്മാർട്ട്ഫോൺ, ഓൺലൈൻ വിനോദം, കണ്ടന്റ് ക്രിയേഷൻ, ദിവസം മുഴുവൻ തടസമില്ലാത്ത ഉപയോഗം എന്നിവ ലക്ഷ്യമിട്ടു രൂപകല്പന ചെയ്തതാണ്. ഇൻഡസ്ട്രി ഗ്രേഡ് ബെഞ്ച്മാർക്കുള്ള ഡാറ്റാ സുരക്ഷാ സവിശേഷതകളോടെയാണ് ഗാലക്സി എ07 5ജി എത്തുന്നത്.
ലൈറ്റ് വയലറ്റ്, ലൈറ്റ് ഗ്രീൻ, ബ്ലാക്ക് എന്നീ മൂന്നു നിറങ്ങളിൽ ലഭ്യമാകുന്ന ഈ ഫോൺ 6.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയും 120 ഹെർട്സ് റിഫ്രെഷ് റേറ്റുമുണ്ട്.
രണ്ടു ഘട്ടങ്ങളുള്ള ടെംപേർഡ് ഗ്ലാസ് സംരക്ഷണവും ഐപി54 ഡസ്റ്റ്-വാട്ടർ റസിസ്റ്റൻസും ഫോണിനെ മികച്ചതാക്കുന്നു. 50 എംപി ഓട്ടോഫോക്കസ് പ്രധാന കാമറയും 2 എംപി ഡെപ്ത് കാമറയുമാണ് പുതിയ മോഡലിലുള്ളത്. ബാങ്ക് ഓഫറുകൾ ഉൾപ്പെടെ 4 ജിബി- 128 ജിബി വേരിയന്റിന് 14,999 രൂപയും 6ജിബി- 128 ജിബി വേരിയന്റിന് 16,999 രൂപയുമാണു വില.
Kerala
കൂത്തുപറമ്പ്: അധ്യാപിക നൽകിയ ഒറ്റ ചലഞ്ചിലൂടെ മൊബൈൽ ഫോണിനോട് നോ പറഞ്ഞിരിക്കുകയാണ് ഒരു കൂട്ടം വിദ്യാർഥികൾ. ഇനി മുതൽ ഗെയിം കളിക്കാനോ വീഡിയോകൾ കാണാനോ മൊബൈൽ ഫോൺ ഉപയോഗിക്കില്ലെന്നാണ് കുട്ടികൾ പറയുന്നത്.
കൂത്തുപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം ക്ലാസിലെ അധ്യാപിക കെ.പി. അമൃതയാണ് "നോ മൊബൈൽ ചലഞ്ചി’ലൂടെ വിദ്യാർഥികളെ മൊബൈലിന്റെ ലോകത്ത് നിന്ന് മുക്തരാക്കിയത്. സോഷ്യൽ മീഡിയയും ഇരു കൈകളും നീട്ടി ഈ ചലഞ്ച് ഏറ്റെടുത്തതോടെ മറ്റ് ക്ലാസുകളിലേക്കും ഇത് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് സ്കൂൾ അധികൃതർ.
വീട്ടിൽ വച്ചും മറ്റും കുട്ടികളിൽ ഭൂരിഭാഗവും മൊബൈൽ ഉപയോഗിക്കുന്നുണ്ടെന്ന് മനസിലാക്കിയതോടെയാണ് ഇതിന്റെ ദൂഷ്യവശത്തെക്കുറിച്ച് അധ്യാപിക കുട്ടികൾക്ക് വിശദമായി പറഞ്ഞു കൊടുത്തത്. ഒടുവിൽ ഒരു ചലഞ്ചും വച്ചു. ഒരാഴ്ച മൊബൈൽ ഫോൺ ഉപയോഗിക്കില്ലെന്ന ചലഞ്ച് ആണ് കുട്ടികൾക്ക് നൽകിയത്. വാക്കു പാലിക്കുന്നവർക്ക് സമ്മാനങ്ങളും വാഗ്ദാനം ചെയ്തു. ഇപ്പോൾ ക്ലാസിലെ ഒരു കുട്ടി പോലും മൊബൈൽ ഉപയോഗിക്കുന്നില്ലെന്ന് ടീച്ചർ പറയുന്നു.
മാത്രമല്ല, മൊബൈൽ ഉപയോഗിക്കുന്നത് സംബന്ധിച്ച് സമപ്രായക്കാരെ ബോധവത്കരിക്കാനും ഇവർ തയാറാണ്. ഇതേ അഭിപ്രായം തന്നെയാണ് രക്ഷിതാക്കൾക്കും. ക്ലാസിൽ കുട്ടികൾ തയ്യാറാക്കുന്ന കുട്ടി പത്രത്തിലും ഈ ചലഞ്ച് സ്ഥാനം പിടിച്ചു. സോഷ്യൽ മീഡിയയിലടക്കം ഈ സംഭവം വൈറലായിട്ടുമുണ്ട്.
Business
ന്യൂഡൽഹി: 2024-25 സാന്പത്തിക വർഷം ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയിൽ വൻ കുറവ്. ഇക്കാലയളവിൽ വളങ്ങൾ, രാസവസ്തുക്കൾ, ഇരുന്പ്, ഉരുക്ക്, കൃത്രിമ നൂൽ, മൊബൈൽ ഫോണുകൾ എന്നിവയടക്കം മിക്ക വസ്തുക്കളുടെയും ഇറക്കുമതി കുത്തനെ ഇടിഞ്ഞു. കേന്ദ്ര വാണിജ്യ സഹമന്ത്രി ജിതിൻ പ്രസാദ പാർമെന്റിൽ അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യങ്ങളുള്ളത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് മൊബൈൽ ഫോണുകളുടെ ഇറക്കുമതിയിൽ വലിയ കുറവുണ്ടായി. 2014-15 സാന്പത്തികവർഷം 48,609 കോടി രൂപയുടെ മൊബൈൽ ഫോണുകളാണ് ചൈനയിൽനിന്ന് ഇന്ത്യയിലെത്തിയത്. എന്നാൽ, 2024-25 സാന്പത്തികവർഷം എത്തിയപ്പോൾ ഇത് വെറും 3,710 കോടി രൂപയുടേതായി ഇടിഞ്ഞു. 92 ശതമാനത്തിന്റെ കുറവാണുണ്ടായത്.
അതേസമയം, ഇന്ത്യയുടെ മൊബൈൽ ഫോണ് കയറ്റുമതി 2014-15 കാലയളവിൽ 1566 കോടി രൂപയായിരുന്നത് 2024-25ൽ 2,05,017 കോടി രൂപയായി വർധിച്ചു.
കഴിഞ്ഞ സാന്പത്തികവർഷം രാസവസ്തുക്കളുടെ ഇറക്കുമതിയിൽ 19.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഉരുക്കിന്റെയും സ്റ്റീലിന്റെയും വരവിൽ 10.3 ശതമാനവും കുറവുണ്ടായി. കൃത്രിക നൂൽ ഇറക്കുമതി 9.5 ശതമാനം താഴ്ന്നു.
ഇന്ത്യൻ ബിസിനസ് സ്ഥാപനങ്ങൾ ബദൽ വിതരണക്കാരെ കണ്ടെത്താനും, ഒരൊറ്റ വിതരണ സ്രോതസുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് അവരുടെ വിതരണ ശൃംഖലകൾ വൈവിധ്യവൽക്കരിക്കാനും സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും മന്ത്രി ജിതിൻ പ്രസാദ വ്യക്തമാക്കി.
Kerala
പത്തനംതിട്ട: ബലാത്സംഗ കേസിൽ കോടതി റിമാൻഡ് ചെയ്ത പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ കണ്ടെത്തി അന്വേഷണ സംഘം. പാലക്കാട് കെപിഎം ഹോട്ടലിൽ നടന്ന പരിശോധനയിലാണ് ഫോൺ കണ്ടെത്തിയിരിക്കുന്നത്.
ഇന്ന് കോടതിയിൽ ഹാജരാക്കിയ രാഹുലിനെ മൂന്ന് ദിവസത്തേക്കാണ് കോടതി എസ്ഐടി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ജനുവരി 15ന് വൈകിട്ട് ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. ഏഴ് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് എസ്ഐടി കോടതിയിൽ സമർപ്പിച്ചത്.
ലാപ്ടോപ് എവിടെയെന്ന് വെളിപ്പെടുത്താൻ രാഹുൽ മാങ്കൂട്ടത്തിൽ തയാറായിട്ടില്ല. ലാപ്ടോപ് എവിടെയെന്ന് വെളിപ്പെടുത്തിയ ശേഷമേ പാലക്കാട് തെളിവെടുപ്പിന് എത്തിക്കുകയുള്ളൂവെന്ന് അന്വേഷണ സംഘം അറിയിച്ചു.
പരാതിക്കാരിയുടെ മൊഴിയിൽ പറയുന്ന ഫ്ലാറ്റ് വാങ്ങാൻ സമീപിച്ച ബിൽഡറുടെ മൊഴി രേഖപ്പെടുത്തും. നിലവിൽ എആര് ക്യാമ്പിലേക്കാണ് രാഹുലിനെ എത്തിച്ചിരിക്കുന്നത്. പാലക്കാടെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് എസ്ഐടി അറിയിച്ചു.
അതേസമയം, രാഹുലിനെ കോടതിയിൽ എത്തിച്ചപ്പോൾ പുറത്ത് പ്രതിഷേധവുമായി ഡിവൈഎഫ്ഐ-യുവമോർച്ച പ്രവർത്തകർ സംഘടിച്ചിരുന്നു. വൈദ്യപരിശോധനയ്ക്ക് എത്തിച്ച തിരുവല്ല താലൂക്ക് ആശുപത്രിക്ക് മുന്നിലും പ്രതിഷേധക്കാർ എത്തിയിരുന്നു.
Business
കൊച്ചി: ഓപ്പോ റെനോ 15 സീരീസ് വിപണിയിലിറക്കി. ഓപ്പോ റെനോ 15 പ്രോ, റെനോ 15 പ്രോ മിനി, റെനോ 15 എന്നീ മൂന്നു മോഡലുകളാണ് ഈ സീരീസിൽ പുറത്തിറക്കിയിരിക്കുന്നത്.
മികച്ച കാമറശേഷി, വലിയ ബാറ്ററി എന്നിവയാണു പ്രധാന സവിശേഷതകൾ. സഞ്ചാരികൾക്കും ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്കുമായി രൂപകല്പന ചെയ്ത ഈ സീരീസിൽ നൂതന കാമറാ സിസ്റ്റം, ഇന്റലിജന്റ് എഐ, പ്രിസിഷൻ- എൻജിനിയറിംഗ് ഡിസൈൻ എന്നിവയുണ്ട്.
റെനോ 15 പ്രോയുടെ 12 ജിബി - 256 ജിബി വേരിയന്റിന് 67,999 രൂപയാണു വില. ഇന്നുമുതൽ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ഫോണുകൾ ലഭിക്കും.
Kerala
കൊച്ചി: ട്രെയിനുകള് കേന്ദ്രീകരിച്ചു ലാപ്ടോപ്പുകളും മൊബൈല് ഫോണുകളും മോഷ്ടിക്കുന്ന നാലു പേരെ എറണാകുളം റെയില്വേ പോലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം കുന്നത്തുനാട് കണിനാട് സ്വദേശി ചെറുവള്ളില് വീട്ടില് രാജാശേഖരന് (55 ) കലൂര് പാവത്തിപ്പറമ്പില് കുറുവന്ത്ര വീട്ടില് മാര്ട്ടിന് (56) എന്നിവരെ ട്രെയിനില് നിന്നും ലാപ്ടോപ് മോഷ്ടിച്ചതിനും
പശ്ചിമബംഗാള് മുര്ഷിദാബാദ് സ്വദേശികളായ നൂര് അലി (24) നൂര് ഇസ്ലാം ഷെയ്ക്ക് ( 25) എന്നിവരെ മൊബൈല് ഫോണ് മോഷണത്തിനും ആണ് പിടികൂടിയത്.
എറണാകുളം റെയില്വേ പോലീസ് ഡിവൈഎസ്പി ജോര്ജ് ജോസഫിന്റെ മേല്നോട്ടത്തില് സബ് ഇന്സ്പെക്ടര് ഇ.കെ. അനില്കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഈ മാസം 10ന് ഗുരുവായൂര്- ചെന്നൈ എഗ്മോര് ട്രെയിനില് നിന്നും കൊല്ലം സ്വദേശിയുടെ ഒരു ലക്ഷം രൂപ വില വരുന്ന ലാപ്ടോപ് മോഷ്ടിച്ച കേസില് ആണ് രാജാശേഖരനും മാര്ട്ടിനും പിടിയിലായത്.
ഞായറാഴ്ച രാത്രി വിവേക് എക്സ്പ്രസില് നിന്നും, മലബാര് എക്സ്പ്രസില് നിന്നും മൊബൈല് ഫോണുകള് മോഷണം ചെയ്തതിനു ശേഷം പുലര്ച്ചെ കാരക്കല് എക്സ്പ്രസില് നിന്നും മോഷണം നടത്താന് കയറിയ സമയത്താണ് പശ്ചിമബംഗാള് സ്വദേശികള് പിടിയിലായത്. പ്രതികളില് നിന്നും രണ്ടു ലക്ഷം രൂപ വിലവരുന്ന മുതലുകള് കണ്ടെടുത്തു.
ഇന്സ്പെക്ടര് കെ. ബാലന്, എഎസ്ഐ അജി, പോലീസ് ഉദ്യോഗസ്ഥരായ കെ.വി. ഡിനില്, ആര്. മഹേഹേഷ്, കെ.വി. നിധിന്, മുഹമ്മദ് റിസ്വന്, ബി.എല്. ഷമീര്, പി.ജെ. അലക്സ്, അഖില് തോമസ്, അജിത് കുമാര് എന്നിവര് അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികള്ക്കെതിരെ മൂന്നു കേസുകള് രജിസ്റ്റര് ചെയ്തു. എറണാകുളം ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്ഡ് ചെയ്തു.
Kerala
മലപ്പുറം: ചങ്ങരംകുളത്ത് യുവാവിനെ ആക്രമിച്ച് ബൈക്കും പണവും മൊബൈല് ഫോണും കവര്ന്നു. പാൽവിതരണക്കാരൻ ആയ മാങ്കുളം സ്വദേശി കബീറിനെ ആക്രമിച്ചായിരുന്നു കവർച്ച.
രണ്ട് ബൈക്കുകളിലെത്തിയ മൂന്നംഗ സംഘമാണ് കവർച്ച നടത്തിയത്. പോലീസ് ആണെന്ന് പറഞ്ഞാണ് മൂന്നംഗ സംഘം കബീറിനെ തടഞ്ഞത്. പിന്നീട് ഹെൽമറ്റ് ഉപയോഗിച്ച് ആക്രമിച്ച് കവർച്ച നടത്തുകയായിരുന്നു.
20,000 രൂപയും മൊബൈൽ ഫോണും സ്കൂട്ടിയും സംഘം കവർന്നു. സംഭവത്തില് ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തുറവൂർ: വിദേശത്തുള്ള മകന്റെ സുഹൃത്താണെന്നു അവകാശപ്പെട്ടെത്തിയ മധ്യവയസ്കൻ വീട്ടുകാരെ കബളിപ്പിച്ച് 700 രൂപ വാങ്ങുകയും വീട്ടിലെ മൊബൈൽ ഫോൺ മോഷണമായി കടന്നെന്നും പരാതി.
കോടംതുരുത്ത് ധന്യായിൽ ശ്രീദേവിയുടെ വീട്ടിൽ ഇന്നലെ ഉച്ചയോടെ എത്തിയ ആളാണ് കബളിപ്പിച്ചത്. മസ്കറ്റിൽ ജോലിയുള്ള മകന്റെ സുഹൃത്താണെന്നു പരിചയം നടിച്ചെത്തി ഇയാൾ മരട് സ്റ്റേഷനിലെ എഎസ്ഐയാണെന്നാണ് വീട്ടുകാരെ ധരിപ്പിച്ചത്.
വിരമിക്കാൻ ആറു മാസം മാത്രമേയുള്ളെന്നും കാൻസർ രോഗിയാണെന്നും പറഞ്ഞു. 1,800 രൂപ സഹായം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, അത്രയും പണം കൈയിൽ ഇല്ലാതിരുന്നതിനാൽ 700 രൂപ ഉണ്ടായിരുന്നത് വീട്ടുകാർ കൊടുത്തു.
ഇതിനിടെ, വീട്ടിലുണ്ടായിരുന്ന മൊബൈൽ ഫോൺ ഇയാൾ കവർന്നു. ഇയാൾ പോയതിനു ശേഷമാണ് മൊബൈൽ ഫോൺ നഷ്ടമായതു ശ്രദ്ധയിൽപ്പെട്ടത്. പരാതിയെത്തുടർന്നു കുത്തിയതോട് പോലീസ് അന്വേഷണം തുടങ്ങി.
National
സിംല: ഹിമാചൽപ്രദേശിലെ സ്കൂളുകളിൽ അടുത്ത അധ്യയനവർഷം മുതൽ മൊബൈൽ ഫോണിനു സന്പൂർണ നിരോധനം ഏർപ്പെടുത്തുമെന്നു മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു.
നഴ്സറി ക്ലാസ് മുതൽ പന്ത്രണ്ടാംക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണു നിരോധനം. അധ്യാപകർക്ക് സ്റ്റാഫ് റൂമിലോ ബാഗിലോ ഫോൺ സൂക്ഷിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എഡ്യുക്കേഷൻ ഗാലറി, പ്രോഗ്രാം മാനേജ്മെന്റ് സ്റ്റുഡിയോ ഉൾപ്പെടെ ആധുനികസൗകര്യങ്ങൾ വിദ്യാഭ്യാസവകുപ്പ് ഓഫീസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം വകുപ്പിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനും ഇത്തരം സംവിധാനങ്ങൾക്കു കഴിയുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
Business
കൊച്ചി: 12,999 രൂപ വിലയിൽ മികച്ച ബജറ്റ് ഫോണായ മോട്ടോ ജി57 പവർ പുറത്തിറക്കി മോട്ടോറോള.
സ്നാപ്പ്ഡ്രാഗൺ 6എസ് ജൻ 4, സെഗ്മെന്റിലെ ഏറ്റവും മികച്ച 50എംപി സോണി ലിറ്റിയ 600 കാമറ, ഏറ്റവും ഉയർന്ന 7000എംഎഎച്ച് സിലിക്കൺ കാർബൺ ബാറ്ററി, മൾട്ടി ടാസ്കിംഗിനായി സ്വൈപ്പ് ടു ഷെയർ, സ്വൈപ്പ് ടു സ്ട്രീം എന്നിവയുള്ള സ്മാർട്ട് കണക്റ്റ് 2.0 എന്നിവയെല്ലാം ജി57 പവറിൽ ഉണ്ട്.
റെഗറ്റ, ഫ്ലൂയിഡിറ്റി, കോർസെയർ എന്നീ മൂന്ന് പാന്റോൺ ക്യൂറേറ്റഡ് ഡിസൈനിലും വീഗൻ ലെതർ ഫിനിഷുകളിലും മോട്ടോ ജി57 പവർ ലഭിക്കും.
Kerala
തിരുവനന്തപുരം: കിണറ്റിൽ വീണ മൊബൈൽ ഫോൺ എടുക്കാനിറങ്ങിയ യുവാവ് കുടുങ്ങി. വക്കം പാട്ടിക്കവിള സ്വദേശി അഖിലാണ് (34) കിണറ്റിൽ അകപെട്ടത്. ആറ്റിങ്ങലിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് അഖിലിനെ കരയ്ക്കത്തിച്ചത്.
അഖിലും വീട്ടുകാരും തമ്മിൽ തർക്കമുണ്ടായെന്നും ഇതിനിടെ ഫോൺ കിണറ്റിൽ വീഴുകയുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഇതെടുക്കാനായി ഇയാൾ കിണറ്റിലേക്കിറങ്ങി. 30 അടിയോളം താഴ്ചയിലായിരുന്ന കിണറ്റിലേക്ക് വേഗത്തിൽ ഇറങ്ങിയെങ്കിലും തിരിച്ച് കയറാനായില്ല.
ഇതോടെയാണ് സമീപവാസി ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. ആറ്റിങ്ങൽ യൂണിറ്റിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി നെറ്റ് ഉപയോഗിച്ചാണ് ഇയാളെ കരയിലെത്തിച്ചത്.
വെള്ളത്തിൽ വീണെങ്കിലും ഇയാൾക്ക് മറ്റ് പരുക്കുകളോ ബോധക്ഷയമോ ഉണ്ടാകാതിരുന്നതിനാൽ ഫയർഫോഴ്സ് ഇട്ടുകൊടുത്ത നെറ്റിൽ കയറി കരയിലേക്കെത്തുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം ഫോൺ കിട്ടിയില്ല.
District News
പേരൂർക്കട: ഓട്ടോറിക്ഷയുടെ ഡാഷ്ബോർഡിനുള്ളിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചയാളെ തമ്പാനൂർ എസ്ഐ ബിനു മോഹൻ ഉൾപ്പെട്ട അന്വേഷണസംഘം പിടികൂടി.
നേമം ശാന്തിവിള സ്വദേശി അൽ സൽമാൻ (25) ആണ് പിടിയിലായത്. 22ന് മൈലാടിക്കടവ് ഭാഗത്താണ് പരാതിക്ക് ആധാരമായ സംഭവം ഉണ്ടായത്. വിളവൂർക്കൽ വാളിയോട്ടുകോണം ജംഗ്ഷന് സമീപം ജോയി ഭവനിൽ സുന്ദരരാജ് ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന 15,000 രൂപ വില വരുന്ന വിവോ സ്മാർട്ട്ഫോൺ ആണ് പ്രതി കവർന്നത്.
തമ്പാനൂർ പോലീസ് സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണത്തിൽ അൽ സൽമാൻ പിടിയിലാകുകയായിരുന്നു. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
Business
കൊച്ചി: നത്തിംഗ് തങ്ങളുടെ ആദ്യത്തെ ട്രൂ ഫ്ലാഗ്ഷിപ്പ് സ്മാര്ട്ട്ഫോണായ നത്തിംഗ് ഫോണ് (3), ഓവര്ഇയര് ഓഡിയോ ഉത്പന്നമായ നത്തിംഗ് ഹെഡ് ഫോണ് (1) എന്നിവ ഇന്ത്യന് വിപണിയിലിറക്കി. കറുപ്പ്, വെളുപ്പ് നിറങ്ങളില് ലഭ്യമാകുന്ന നത്തിംഗ് ഫോണ് (3) 12 ജിബി + 256 ജിബി 62,999 രൂപ, 16 ജിബി + 512 ജിബി 72,999 രൂപ എന്നീ നിരക്കിലാണു വില ആരംഭിക്കുന്നത്. കറുപ്പ്, വെളുപ്പ് നിറങ്ങളില് ലഭ്യമാകുന്ന നത്തിംഗ് ഹെഡ് ഫോണ് (1) 21,999 രൂപയ്ക്കു ലഭ്യമാകും.